ചൈനയിലെ കളിമൺ പട്ടാളക്കാർ


ചൈനയിലെ കളിമൺ പട്ടാളക്കാർ

ചെങ്ഡുവിൽ നിന്ന് നേരെ ഷാൻസി പ്രൊവിൻസിലെ സിയാൻ എന്ന സ്ഥലത്തേയ്ക്കാണ് പോയത്. അവിടെയാണ് ഒരു ലോക മഹാത്ഭുതം മണ്ണിൽ നിന്ന് പൊങ്ങി വന്നത് !! 1974 ഇൽ കിണർ കുത്തികൊണ്ടിരുന്ന കർഷകരാണ് പ്രത്യേകതയുള്ള എന്തോ ഒന്ന് കുഴിച്ചെടുത്തത്... പിന്നീടുള്ള അന്വേഷണത്തിൽ ഒരാൾ പൊക്കമുള്ള 8000 ഓളം കളിമണ്ണിൽ ഉണ്ടാക്കിയ പട്ടാളക്കാരുടെ രൂപം (terracotta warriors) കണ്ടെടുത്തു. 130 രഥങ്ങളും 500 ഓളം കുതിരകളും !! എല്ലാം ജീവനുള്ളത് എന്ന് തോന്നുന്ന രീതിയിൽ. ഓരോന്നും വ്യത്യസ്തവും !!

ഇത്‌ 1987 ഇൽ UNESCO World Heritage Site ആയി പ്രഖ്യാപിച്ചു. ക്രിസ്തുവിന് മുൻപ് 200 കൊല്ലം പഴക്കമുള്ള ഒരു സാമ്രാജ്യ പാലകൻ ആണത്രേ ഇത് നിർമിച്ചത്. ക്വീൻ ചക്രവത്തിയുടെ കാലത്താണ് ഇത് നിർമ്മിച്ചത്. മരണശേഷം ഉള്ള ലോകത്തേയ്ക്ക് പോകാനുള്ള സന്നാഹങ്ങൾ ആയിരുന്നത്രേ. ഇതിൽ രസം (mercury) കൊണ്ടുള്ള 100 ചാലുകളും നിർമ്മിച്ചിരുന്നുവത്രെ. അവിടെയുള്ള മണ്ണിൽ ധാരാളമായി രസത്തിന്റെ അംശവും കണ്ടെത്തി.

നമ്മുടെ നാട്ടിൽ കിട്ടുന്ന കറുത്ത ചീനഭരണിയുടെ നിർമ്മാണ രീതിയാണ് ഇതിലെ പാവകൾക്ക് ഉണ്ടായിരുന്നത്. അവയുടെ ചെറുരൂപങ്ങൾ പുറത്ത് നാടോടികളെ പോലെയുള്ള ദരിദ്രർ കൊണ്ട്‌ നടന്ന് വിൽക്കുന്നുമുണ്ടായിരുന്നു. ഞാനും വാങ്ങി ഒന്നുരണ്ടെണ്ണം. നാട്ടിൽ വരെ എത്തിയെങ്കിലും പൊട്ടിയിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ഇത് കാണാൻ വന്നുകൊണ്ടിരുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ടായിരുന്നു. പലഭാഷയിൽ "കഥപറയുന്ന" വാൽക് മാൻ ഹെഡ്‌ഫോണടക്കം വാടകയ്ക്ക് കിട്ടും. ഗൈഡ് കൂടെ ഇല്ലാത്തവർക്ക് ഇത് ഉപയോഗിക്കാം. പലഭാഷയിലുള്ള ലീഫ് ലെറ്റുകൾ. വീൽ ചെയർ കൊണ്ടുപോകാൻ കഴിയുന്ന വഴികൾ, ഭംഗിയുള്ള വൃത്തിയുള്ള ടോയ് ലെറ്റ് സൗകര്യം.

അത് കൂടാതെ ഒരു വലിയ മൈതാനിയിൽ രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു നാടകം നടക്കുന്നുണ്ടായിരുന്നു. നൂറുകണക്കിനാളുകൾ ആണ് ഭടന്മാരായി വേഷം കെട്ടിയിരിക്കുന്നത്. ചക്രവർത്തിയും, രജകുമാരിയും, മന്ത്രിയും .... അങ്ങിനെ... ഏതോ ഒരു കഥയിലെ രംഗം ആ വലിയ പുത്തകിടിയിൽ നടക്കുന്നതും ധാരാളം ആളുകൾ അത് കാണാൻ ചുറ്റും കൂടിയിരിക്കുന്നതും കാണാം. ഒന്നുമില്ലെങ്കിലും എത്രയോ ആളുകൾക്കാണ് അത് കൊണ്ട് തൊഴിൽ ലഭിക്കുന്നത്.. !!

അവിടെ എനിക്ക് സുഹൃത്തുക്കൾ ആരും ഉണ്ടായിരുന്നില്ല !!

അവിടെ ഒരു രാത്രി മാത്രമാണ് തങ്ങിയത്.

പിറ്റേന്ന് ലാങ്ചൗ എന്ന പട്ടണത്തിലേക്ക്. ടിബറ്റിന്റെ വടക്ക് ഭാഗത്ത് ആണത്രേ ടിബറ്റൻ ബുദ്ധിസം നിലനിൽക്കുന്ന വിഹാരങ്ങൾ (ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും) ഉള്ളത്. അതിനാലാണ് അങ്ങോട്ട് പോകാം എന്ന തീരുമാനം ഉണ്ടായത്. ടിബറ്റിലേക്ക് യാത്ര ചെയ്യണമെങ്കിൽ ആളൊന്നിന്ന് ഏകദേശം 10000 രൂപയുടെ ഒരു എൻട്രി ടിക്കറ്റ് എടുക്കണം. എന്തായാലും, അത് വേണ്ടെന്ന് തീരുമാനിച്ചു.

ചൈനയിലെ നാഗാർജ്ജുനന്റെ ജീവിതത്തെ പറ്റിയോ പ്രവർത്തികളെ കുറിച്ചോ എന്തെങ്കിലും അറിയാൻ സാധിക്കുമോ, എന്ന ആകാംക്ഷയിലായിരുന്നു യാത്ര. ഇനിയുള്ള യാത്രയിൽ ഭാഷ ഒരു പ്രശ്നമാകും എന്ന് ബോധ്യമായി. കൂടാതെ, നല്ല തണുപ്പും തുടങ്ങി. ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള ഇന്നർ (വൂളൻ ലെഗ്ഗിങ്‌സ്, ഫുൾ കൈ ബനിയൻ) ഇതുണ്ടായിരുന്നെങ്കിലും, സോക്‌സും, ഷൂവും പറ്റിയതല്ലായിരുന്നു. ഒരു ലെവൽ വരെയൊക്കെ തണുപ്പ് ഏശാറില്ല. ചൂടും. എന്നാൽ, ഇവിടെ എത്തിയപ്പോൾ, ഹോട്ടൽ മുറി, വാഹനങ്ങൾ ഇവയല്ലാതെ, വെറുതെ പുറത്ത് കൂടി നടക്കുക എന്നത് കഠിനമായി തുടങ്ങി.

(തുടരും)

Comments

Popular posts from this blog

ചൈനയിലെ പാണ്ട

ഞാൻ കണ്ട ചൈന