ചൈനയിലെ പാണ്ട
ചൈനയിലെ പാണ്ട
മോഹികാനിന്റെ സുഹൃത്തുക്കളാണ് സോഫിയയും ജാസ്മിനും. ഇവരുടെ ശരിക്കുള്ള പേരിതൊന്നുമല്ല. ഇവർ ക്രിസ്ത്യാനികളും അല്ല. ഇത്തരം പേരുകൾ, ഇംഗ്ലീഷ് പഠിക്കുന്നതിന്റെ ഭാഗമായി അവർ സ്വയം സ്വീകരിക്കുന്നതാണ്. തപ്പിയും തടഞ്ഞുമാണ് അവർ ഇംഗ്ലീഷ് പറയുന്നത്. ടൂറിസ്റ്റ് ഗൈഡാകാൻ പഠിക്കുന്നവരാണ്. അവർക്ക് ഭാഷാ പരിശീലനം നടത്താനുള്ള അവസരമായി. ഞാനൊരു ജീവനുള്ള "ഇരയായി"...
ചെങ്ഡു എന്ന സ്ഥലം (ജയന്റ്) പാണ്ടയുടെ നാടാണ്. മുളന്തണ്ടുകളും ഇലകളും മാത്രം കഴിക്കുന്ന കറുപ്പും വെള്ളയും കലർന്ന വലിയ ശരീരമുള്ള ഇത് കരടിയുടെ വർഗ്ഗത്തിൽ പെട്ടതാണ്.
ചെങ്ഡു എന്ന സ്ഥലം മാജിക് നിറഞ്ഞ മുഖാവരണം മാറ്റുന്ന നാടകം അരങ്ങേറുന്ന നാടുമാണ്.
UNESCOയിലെ ലോക പൈതൃക പട്ടികയിലെ ഡുജിയിൻഗ്യാൻ എന്ന ഒരു ഡാമിലേക്ക് ആണ് സോഫിയയും ജാസ്മിനും എന്നെ കൊണ്ടുപോയത്. അത് ഒരു അത്ഭുത സൃഷ്ടിയായിരുന്നു. BC 256 ഇൽ നിർമ്മിച്ച ഇത് വെള്ളപൊക്കം നിയന്ത്രിക്കുന്നതിനും കൃഷിയ്ക്കായി വെള്ളം തിരിച്ചുവിടുന്നതിനും ഇന്നും ഉപയോഗിക്കുന്നു.
ചൈനക്കാരുടെ നിർമ്മാണ കലയിൽ ഉള്ള പ്രാഗൽഭ്യം പറയാതെ വയ്യ. നമ്മുടെ നാട്ടിൽ വാസ്തുവിദ്യ എന്നത് പോലെയുള്ളതാണ് ചൈനീസ് ഫെങ്ഷുയി. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളും മറ്റും ഇന്നും കേടുകൂടാതെ നിലനിൽക്കുന്നതും അവ നിലനിർത്തുന്നതിനായി അവരുടെ അശ്രാന്ത പരിശ്രമവും കാണുമ്പോൾ നമുക്ക് നാണം തോന്നും. അവരുടെ ചരിത്രത്തിലും, പാരമ്പര്യത്തിലും, രാജ്യ സംസ്കൃതിയിലും ഉള്ള അഭിമാനം പ്രശംസനീയം തന്നെ.
ശരിയാണ്, മാവോയുടെ സാംസ്‌കാരിക വിപ്ലവം എന്ന ആഭാസത്തിൽ പലതും തകർക്കാൻ ശ്രമിച്ചു. എന്നാൽ തെറ്റുമനസ്സിലായ അവർ അവയെല്ലാം ഉടൻ തന്നെ പുനരുദ്ധരിക്കുകയും യാത്രികർക്കായി ഒരുക്കുകയും ചെയ്തു. ഹോളിവുഡ് കുങ്ഫു സിനിമകൾക്ക് ശേഷം ധാരാളം സഞ്ചാരികൾ പടിഞ്ഞാറ് നിന്നും ചൈനയിലേക്ക് വരാൻ തുടങ്ങിയപ്പോൾ ടൂറിസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവർ അത് വളർത്തുന്നതിനായുള്ള നയരൂപീകരണങ്ങൾ നടത്തി.
ഇന്ത്യയുമായുള്ള പ്രധാന വ്യത്യാസം, ഇവിടെ വ്യക്തമായ നയരൂപീകരണങ്ങൾ നടക്കുന്നില്ല എന്നതാണ്. കൂടാതെ, അനാവശ്യമായുള്ള എതിർപ്പുകൾ, അഴിമതി എന്നിവയും ഓരോ പദ്ധതിയേയും പരാജയപ്പെടുത്തുകയോ കാര്യക്ഷമമല്ലാതെ ആക്കുകയോ ചെയ്യും.
സോഫിയയും ജാസ്മിനും റോഡരികിൽ നിന്ന് ചോളം ചൂടാക്കിയതും മറ്റും വാങ്ങി തന്നു. വിശ്വസിക്കാവുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണവും വാങ്ങാൻ സഹായിച്ചു. എപ്പോഴും യാത്രയിൽ നാട്ടുകാരുമായി ബന്ധങ്ങൾ ഉണ്ടാക്കുന്ന അവസരങ്ങൾ ഉപയോഗിക്കണം. അഥവാ, അതാത് നാട്ടുകാർ ജീവിക്കുന്ന പോലെ ജീവിക്കാനും ശ്രമിക്കണം. എന്നാൽ മാത്രമേ യാത്രകൾ സഫലമാകൂ.
"ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം" എന്നുള്ള പഴമൊഴി അങ്ങിനെ ഉണ്ടായതാണ്. എന്ന് കരുതി സസ്യാഹാരി ആയുള്ളവർ അത് മാറ്റണമെന്നർത്ഥമില്ല. അവിടെ ലഭ്യമായ ഭക്ഷണം കഴിക്കണം എന്നാണ് ...
"തനി ഇല്ലം" എന്ന പേരിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് (ഉത്തരവാദിത്ത ടൂറിസം പ്രൊജക്ടിൽ) 1999 മുതൽ വിദേശീയർ വരുന്നുണ്ട്. അവർ കേരളത്തിലെ തനത് ഭക്ഷണ രീതികളും പ്രത്യേകിച്ച് നമ്പൂതിരിമാരുടെ പാചകവും ആസ്വദിക്കാനായി എത്തുന്നുന്നതാണ്. അല്ലാതെ, അവരുടെ നാട്ടിൽ കിട്ടുന്ന ഭക്ഷണവും, അവരുടെ പോലുള്ള കെട്ടിട നിർമ്മാണ രീതികളും, അവരുടെ പോലുള്ള വസ്ത്ര ധാരണവും ആണ് ഇവിടേയും നമ്മൾ അവർക്ക് ലഭ്യമാക്കുന്നതങ്കിൽ (ചില ഫൈവ് സ്റ്റാർ ഹോട്ടലുകൾ) ഇവിടെ വന്നിട്ടെന്ത് പുതുമയാണ് അനുഭവിക്കാൻ സാധിക്കുക!?
വൈകുന്നേരം അവിടെയുള്ള ഒരു നാടകശാലയിൽ പോയി. Changing Mask എന്ന "നിമിഷാർത്ഥം കൊണ്ട് മുഖം മൂടി മാറ്റുന്ന കൺകെട്ട് വിദ്യ" കാണിക്കുന്ന നാടകം കാണാൻ പോയിരുന്നു. ഇത് ചെയ്യുന്നത് എങ്ങിനെയെന്ന് ഇന്നും രഹസ്യമാണത്രെ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നാടകശാല. മരം കൊണ്ടാണ് നിർമ്മിതികൾ. വിദേശികളും സ്വദേശികളുമായ നൂറോളം സന്ദർശകർ ഉണ്ട്. ഫോട്ടോ എടുക്കാൻ അനുവാദമില്ല. ആദ്യം സ്റ്റേജിൽ നടക്കുന്ന ഈ മുഖം മൂടി മാറ്റൽ, അവസാനം കാണികൾക്കിടയിലേക്ക് വന്നിട്ടും കാണിക്കും. ആദ്യം ചടുലമായ നൃത്തച്ചുവടുകളോടെ പിന്നിലേക്ക് പെട്ടെന്ന് തിരിഞ്ഞുനോക്കി അടുത്ത നിമിഷം തിരികെ കാണികളെ നോക്കുമ്പോഴേക്കും മുഖത്തുള്ള മുഖംമൂടി മാറിയിട്ടുണ്ടാകും. ഒരു വലിയ പട്ട് വീശുന്നതിനിടയിലും ഇങ്ങനെ മുഖം മൂടി മാറ്റും. ഒടുവിൽ കാണികളുടെ മുന്നിൽ വന്നിട്ട് ഒരു ചെറിയ വിശറി മുഖത്തിന്റെ മുന്നിൽ വീശി കഴിയുമ്പോഴേക്കും മുഖം മൂടി മാറിയിരിക്കും. അത്യത്ഭുതകരമായ വേഗതയിലാണ് ഇത് ചെയ്യുന്നത്.
അത്തരം വിവിധ നിറങ്ങളിലുള്ള മുഖംമൂടികളുടെ ചെറിയ രൂപങ്ങൾ കളിമണ്ണിൽ ഉണ്ടാക്കി അതാണ് അവിടെ സഞ്ചാരികൾക്ക് ഓർമ്മയ്ക്കായി സൂക്ഷിക്കാൻ വാങ്ങി (memorabilia) കൊണ്ട് പോകാൻ സാധിക്കുന്നത്.
പിന്നെ പാണ്ടയുടെ രൂപത്തിലുള്ള പാവകളും. (അത് ടെറിക്കോട്ടൻ / നൈലോൺ എന്നിവയും സ്പോഞ്ച് നിറച്ചതും ആയതിനാൽ അത് വാങ്ങിയില്ല.)
നാടകത്തിന് ശേഷം, ഭക്ഷണവും കഴിഞ്ഞിട്ട്, സോഫിയ ജാസ്മിൻ സുഹൃത്തുക്കളോട് യാത്ര പറഞ്ഞു.
പിറ്റേന്ന് അടുത്ത സ്ഥലത്തേയ്ക്ക് ...
(തുടരും)

Comments
Post a Comment