ചൈനയിലെ സഞ്ചാരികൾ


ചൈനയിലെ സഞ്ചാരികൾ

ലോക സഞ്ചാരികളിൽ പലർക്കും മദ്യം (മറ്റു ലഹരി പദാർത്ഥങ്ങൾ), വേശ്യകളായ സ്ത്രീകൾ, ചൂതുകളി ഇതൊക്കെയാവും ആവശ്യം. കേരളത്തിൽ വിനോദസഞ്ചാര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ 1990 കളിൽ രൂപപ്പെടുത്തിയപ്പോൾ ഇവയിൽ നിന്ന് വേറിട്ടൊരു ആശയമാണ് നമ്മൾ ലോകസമക്ഷം അവതരിപ്പിച്ചത്. കാസിനോ ഹോട്ടലിന്റെ അമരക്കാരൻ ശ്രീമാൻ ജോസ് ഡൊമിനിക് അന്നത്തെ ടൂറിസം ഡയറക്ടർ ശ്രീമാൻ അമിതാഭ് കാന്ത്, സെക്രട്ടറി ഡോ. വി വേണു, ശ്രീമാൻ അൽകേഷ് കുമാർ ശർമ്മ തുടങ്ങിയവർ നേതൃത്വം നൽകിയ വിനോദസഞ്ചാര നയരൂപീകരണത്തിൽ പ്രാധാന്യം നൽകിയത് നമ്മുടെ സാംസ്കാരിക തനിമയെ നിലനിർത്തിക്കൊണ്ടുള്ള മൂല്യാധിഷ്ഠിത ടുറിസം എന്നതാണ്.

മറ്റൊരുകൂട്ടം സഞ്ചാരികൾ യാത്രകൾ നടത്തുന്നത് ആ നാട്ടിലെ ജീവിതരീതികൾ കാണുന്നതിനും, മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ എല്ലാം കണ്ട് ചരിത്രം മനസ്സിലാക്കുന്നതിനും, വ്യത്യസ്തമായ ഭക്ഷണ രീതികൾ ആസ്വദിക്കുന്നതിനും ഒക്കെയാണ്. ചിലർക്കാകട്ടെ, യാത്രകൾ എല്ലാം തീർത്ഥയാത്രകൾ ആണ്. അവർ ക്ഷേത്രങ്ങൾ / പള്ളികൾ മുതലായവ കാണുന്നതിനും പുരാണങ്ങൾ ഐതിഹ്യങ്ങൾ വിശ്വസങ്ങൾ എന്നിവയിലൂടെ പ്രശസ്തമായ സ്ഥലങ്ങൾ കാണുന്നതിനും ആദ്ധ്യാത്മിക ഉന്നമനം ലക്ഷ്യമാക്കിയും യാത്ര ചെയ്യുന്നു.

ഇനിയും ഒരു കൂട്ടർ തണുപ്പ് രാജ്യങ്ങളിൽ ശൈത്യകാലമാകുമ്പോൾ ചൂടുള്ള സ്ഥലങ്ങൾ തേടിപ്പോവുകയും ചെയ്യും. അവർക്ക് ബീച്ചുകളിൽ പോയി വെയിൽ കൊണ്ട് കിടക്കാനാണ് ഇഷ്ടം. ചിലർ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്നവരുമാണ്. ചിലവുകൾ കമ്പനി നടത്തുമല്ലോ !? വെള്ളച്ചാട്ടത്തിലൂടെ വള്ളത്തിൽ പോകുന്നതിനും, വലിയ മലകൾ കയറുന്നതിനും, സൈക്കിൾ സവാരി നടത്തുന്നതിനും അങ്ങിനെ യാത്രക്കാരുടെ ആവശ്യങ്ങൾ പലവിധമാണ്.

ഒരു പ്രദേശം വിനോദസഞ്ചാരത്തിലൂടെ പ്രശസ്തമാകണമെങ്കിൽ ഇങ്ങിനെ വ്യത്യസ്തത ആവശ്യങ്ങൾ ഉള്ളവരെ ആകർഷിക്കാൻ സാധിക്കണം.

ചൈനയിലെ ആകർഷണങ്ങൾ

ഷാങ്ഹായ് നഗരം ചൈനയിലെ ബിസിനസ്സ് തലസ്ഥാനമാണ്. ഇന്ത്യയിലെ മുംബൈ പോലെ. രാവിലെ തന്നെ മോഹികാൻ വന്നു. ഞങ്ങൾ യാത്ര തുടങ്ങി. ആദ്യം തന്നെ ഒരു ഫെറി കടന്ന് ഡൌൺ ടൌൺ എന്നറിയപ്പെടുന്ന ബിസിനസ്സ് കേന്ദ്രത്തിലേക്ക് പോയി. അവിടെയാണ് ഉയരമുള്ള കുറേ കെട്ടിടങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ഉയരമുള്ള "ജിൻ മാവോ ടവർ" കാണാൻ പോയി. ഒരു സെക്കന്റിൽ 9 മീറ്റർ സ്പീഡിൽ പൊങ്ങുന്ന മിത്സുബിഷി ലിഫ്റ്റ് / എലവേറ്റർ ആണ് അതിന്റെ മുകളിലുള്ള വ്യൂ പോയിന്റ് കാണാൻ എത്തിക്കുന്നത്. അത് ഉയരുമ്പോൾ ചെവിയിൽ പ്രഷർ വ്യത്യാസം കൊണ്ട് ഒരു അസ്വസ്ഥത തോന്നും, എന്നല്ലാതെ ഒരു ചെറിയ അനക്കം പോലുമില്ല. മുകളിൽ നിന്നാൽ ഷാങ്ഹായ് നഗരം മുഴുവൻ കാണാം.
അതിന് ശേഷം അവിടെയുള്ള പഴയ നഗരം കാണാൻ പോയി. വളരെ വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോഴും ആയിരക്കണക്കിന് വർഷം പഴമ നിലനിൽക്കുന്ന ഈ പ്രദേശം മുഴുവനും അതെ പടി നിലനിർത്തിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷുകാരടക്കം വന്നപ്പോഴുള്ള യൂറോപ്യൻ മാതൃകയിലുള്ള കെട്ടിടങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്.

വൃത്തിയുള്ള വഴികൾ, സൈക്കിൾ പാതകൾ, ബസുകളിൽ പ്രീപെയ്ഡ് കാർഡുകൾ (കണ്ടക്ടർ ഇല്ല), ധാരാളം ഹോട്ടലുകൾ ഉള്ള വഴികൾ, സാധനങ്ങൾ വാങ്ങാനുള്ള ഷോപ്പിംഗ് സ്ട്രീറ്റുകൾ ... അങ്ങിനെ യാത്രികരെ ആകർഷിക്കുന്ന പലതും അവിടെയുണ്ട്.
പലജീവികളുടെ ഇറച്ചിയും, പ്രാണികളും, പാമ്പും, മത്സ്യവും, കോഴി / താറാവ് മുതൽ പലതും ചൂണ്ടി കാണിച്ച് അവയെ പാകം ചെയ്ത് നൽകുന്ന ഭക്ഷണ കേന്ദ്രങ്ങളും കാണാം...

യാത്രയിൽ മോഹികാൻ ചോദിച്ചു കൊണ്ടിരുന്നത് ബുദ്ധനെ കുറിച്ചും, ഇന്ത്യയെ കുറിച്ചുമാണ്. അവളും ബുദ്ധ മതത്തിൽ താൽപര്യമുള്ളവളാണ്. ഒരിക്കൽ ഇന്ത്യയിൽ വരണമെന്ന് ആഗ്രഹമുള്ളവളും. എന്റെ ബാക്കി യാത്രകളുടെ പ്ലാൻ അവളുടെ സഹായത്തോടെ മാറ്റേണ്ടി വന്നു. ഗുവാങ്‌ചൗ ബീജിങ് ഒക്കെയാണ് സുഹൃത്തുക്കൾ ഉണ്ടായിരുന്ന നഗരങ്ങൾ. എന്നാൽ, നാഗാർജ്ജുനന്റെ മദ്ധ്യമമാർഗ്ഗം അന്വേഷിച്ചുള്ള യാത്ര ചെങ്ഡു, സിയാൻ നഗരങ്ങളിലേക്ക് മാറ്റി. അവൾക്ക് ചെങ്ഡുവിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെ നമ്പർ തന്നു. അവരെ വിളിച്ചു പറയുകയും ചെയ്തു.

അങ്ങിനെ അതിന്റെ പിറ്റേന്ന് ചൈനയുടെ ഉൾഭാഗത്തേയ്ക്കുള്ള യാത്ര തുടങ്ങാം എന്ന് തീരുമാനിച്ച് അവളോട് യാത്ര പറഞ്ഞു പിരിഞ്ഞു. ഇമെയിൽ മൊബൈൽ ഒക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒന്നോ രണ്ടോ മെയിലുകൾ മാത്രമാണ് അവൾക്ക് അയച്ചത്. അത് കഷ്ടമായി എന്ന് ഇന്നും തോന്നുന്നു.

(തുടരും)

Comments

Popular posts from this blog

ചൈനയിലെ പാണ്ട

ഞാൻ കണ്ട ചൈന

ചൈനയിലെ കളിമൺ പട്ടാളക്കാർ