ചൈനയിലെ ട്രെയിൻ യാത്രകൾ


ചൈനയിലെ ട്രെയിൻ യാത്രകൾ

ഏകദേശം ഒരു മാസം യാത്ര ചെയ്തതിൽ 5 ദിവസം ട്രെയിനിങ് നടന്ന ഹോട്ടലിലും 7 രാത്രികൾ ട്രെയിനിലും ആണ് ഉണ്ടായത്. ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് വിമാനത്തിന് പകരം ട്രെയിൻ മതി എന്നത് പരിസ്ഥിതി സൗഹാർദ്ദപരം മാത്രമല്ല, ചിലവും കുറവാണ്. പിന്നെ ധാരാളം ആളുകളെ കാണാം. അവരുടെ ജീവിത രീതികളും പെരുമാറ്റവും കാണാം. പോകുന്ന വഴിയിലുള്ള ഗ്രാമ പ്രദേശങ്ങളും ചെറു പട്ടണങ്ങളും കാണാം. പണ്ട് ഗാന്ധിജി പറഞ്ഞത് പോലെ, സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കണമെങ്കിൽ ട്രെയിനിൽ യാത്ര ചെയ്യണം എന്നാണല്ലോ.

പോകുന്ന വഴിയിൽ ധാരാളം യൂറോപ്യൻ ബാക് പാക്കേഴ്‌സ് (Backpackers - ചിലവ് ചുരുക്കി യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും ചെറുപ്പക്കാരും) ഉണ്ടായിരുന്നു. അവർക്ക് ചൈന എന്നത് അത്ഭുതങ്ങളുടെ കലവറയാണ്. യാത്രികർക്കെല്ലാം അങ്ങിനെ തന്നെയാണ്. ലോകത്തിലേത് രാജ്യത്ത് പോയാലും, ഹോട്ടലുകൾ മാത്രം അല്ലല്ലോ നമ്മൾ ലക്ഷ്യം വയ്ക്കുന്നത്.

യൂറോപ്യൻ യാത്രികർക്ക് പൊതുവിൽ ബീച്ചുകൾ വളരെ പ്രിയംകരങ്ങളാണ്. കാരണം അവരുടെ ശൈത്യകാലത്തിൽ നിന്ന് രക്ഷപ്പെടാനും സൂര്യപ്രകാശം കൊണ്ട് തൊലിയ്ക്ക് തവിട്ടു നിറം (Tanned) വരാനും അവർക്ക് വളരെ കൊതിയാണ്. നമ്മൾ വിചാരിക്കുന്നത് അവരുടെ തൊലി നിറമാണ് കേമം എന്നാണല്ലോ. എന്നാൽ, "വിളറി വെളുത്തിരിക്കുന്ന" അവരുടെ തൊലിനിറം അവർക്ക് അത്യധികം വെറുപ്പുള്ള ഒന്നാണ്. അവർക്ക് നമ്മുടെ (ഇന്ത്യക്കാരുടെ) പോലെ ഗോതമ്പ് നിറം ആവാനാണ് ഇഷ്ടം !!

ഈ യൂറോപ്യൻ യാത്രികർ പറഞ്ഞത്, ചൈനയിലെ ട്രെയിൻ യാത്ര വളരെ ഗംഭീരമാണ് എന്നാണ്. ഒരു ട്രെയിൻ പോലും വൈകി ഓടുന്നില്ലത്രേ !! അവരുടെ നാട്ടിൽ പോലും ഇത്ര കൃത്യനിഷ്‌ഠ കാണാനില്ലെന്നും. ഓരോ കമ്പാർട്മെന്റിലും ഓരോ ഗാർഡ് കം ടിക്കറ്റ് എക്സാമിനർ ഉണ്ട്. സ്ത്രീയോ പുരുഷനോ ആവാം. ഭംഗിയുള്ള യൂണിഫോം + തൊപ്പി ഒക്കെ വച്ച് ട്രെയിൻ പ്ലാറ്റുഫോമിൽ എത്തിയാൽ അതാത് കമ്പാർട്മെന്റിന്റെ വാതുക്കൽ വന്നു നിൽക്കും. യാത്രികരെ അഭിവാദ്യം ചെയ്ത ശേഷം ടിക്കറ്റ് പരിശോധിച്ച ശേഷം അകത്ത് കയറ്റും. സീറ്റ് കാണിച്ചു തരും. പിന്നീട് ഒരു വെള്ള പുതപ്പും തലയിണയും നൽകും.

ചൈനയിലെ ചായകുടി

ഓരോ കൂപ്പയിലും ചൂടുവെള്ളം കിട്ടുന്ന ഒരു പൈപ്പ് ഉണ്ട്. നമ്മുടെ കൈയിലുള്ള പ്രത്യേക തരം ചായ ഫ്ലാസ്കിൽ ചൂടുവെള്ളം നിറയ്ക്കുക. ചായ(പ്പൊടി) ഇല ഇടുക. മുകളിൽ ഒരു അരിപ്പ വയ്ക്കുക. പിന്നെ ആവശ്യത്തിന് ഗ്ലാസ്സിലാക്കിയോ അല്ലാതെയോ കുടിക്കുക. ഇതാണ് രീതി. അവർ പാലും പഞ്ചസാരയും ഉപയോഗിക്കാറില്ല !! അങ്ങിനെയാണാത്രെ ചായ കുടിക്കേണ്ടത് !!

ഒരു ചായക്കടയിൽ കയറിയാൽ അവിടെ നൂറ് കണക്കിന് വ്യത്യസ്ത ചായയുടെ പാക്കറ്റുകൾ കാണാം. അവർ നമ്മോട് ഇരിക്കാൻ പറയും. എന്നിട്ട്. കഷ്ടിച്ചു ഒരു ഔൺസ് കൊള്ളുന്ന ചെറിയ ഒരു കളിമണ്ണ് ഗ്ലാസിൽ നമുക്ക് ഇഷ്ടമുള്ള ചായയുടെ രുചി പരിശോധിക്കാനായി നൽകും. പലതും അങ്ങിനെ കുടിച്ചു നോക്കി ഇഷ്ടമുള്ള ഒരു 'ബ്രാൻഡ്' നമുക്ക് വാങ്ങാം. ഞാൻ മുല്ലപ്പൂ ഇട്ട ചായ ഇലയാണ് വാങ്ങിയത്. വളരെ നേരിയ ചായയുടെ സ്വാദും മുല്ലപ്പൂവിന്റെ മണവുമുള്ള ചായ !! യാത്രയിലുടനീളം അതാണ് കുടിച്ചത്. ഹോട്ടലിൽ ചെന്നാലും ചൂടുവെള്ളം ഫ്ലാസ്കിൽ വാങ്ങാം. നമ്മുടെ പൊതിയിലെ ചായ അതിൽ ഇടാം. കുടിക്കാം.
വളരെ തണുപ്പുള്ള പ്രദേശത്ത് ഇത് നല്ല ഒരു ആശ്വസമായിരുന്നു.

ട്രെയിൻ കൂപ്പ

വളരെ വളരെ ശുചിയായ കമ്പാർട്മെന്റിൽ യാത്ര സുഖമുള്ളതാണ്. ജനാല ചില്ലുകൾ ഉള്ളതിനാൽ പുറത്തേക്ക് ഒന്നും വലിച്ചെറിയാൻ സാധ്യമല്ല. അകത്ത് ചൂട് നിലനിർത്താനായി ഹീറ്റർ സംവിധാനം ഉണ്ട്. എന്റെ യാത്രയിൽ അന്തരീക്ഷ താപനില 18 ഇൽ താഴെ 8 ഡിഗ്രി വരെ ആയിരുന്നു. കൂടെ യാത്ര ചെയ്യുന്നവരും ശുചിത്വ ബോധമുള്ളവരും നല്ലവരും ആയിരുന്നു.

മറ്റൊരു പ്രത്യേകത, ഓരോ സ്റ്റേഷൻ എത്തുന്നതിനും 5 മിനിറ്റ് മുന്നേ തന്നെ ടോയ്ലറ്റ് ലോക്ക് ചെയ്യുമെന്നതാണ് !! അതായത്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയാൽ അവിടെ വൃത്തികേടാക്കാൻ മൂത്രം ഒഴിക്കാനോ, വെളിക്കിറങ്ങാനോ സാധിക്കില്ല !! ഇതും കൂപ്പയിലെ ഗാർഡ് / ടിക്കറ്റ് എക്‌സാമിനറുടെ ജോലി ആണ്.

അടുക്കളയും ഭക്ഷണ ശാലയും

ഒരു കൂപ്പ ഭക്ഷണശാലയാണ്. അവിടെ ചെന്നിരിന്നാൽ ഭക്ഷണം വാങ്ങാം. ചോറ് ഫ്രീ ആണ് !! എത്ര വേണമെങ്കിലും വാങ്ങാം !! കറിക്ക് മാത്രം പണം നൽകിയാൽ മതി. ഒരു നേരത്തെ ഭക്ഷണം 10 യുവാൻ ഒക്കെയുണ്ടെങ്കിൽ സുഭിക്ഷമാകും !! ഏകദേശം 80 രൂപ. ഞാൻ ഏതെങ്കിലും പച്ചക്കറി / പാതിവേവിച്ച ഒരു സാധനം (!) വാങ്ങും. അതിന്റെ മുകളിൽ കൈയിൽ കരുതിയ ചമ്മന്തിപ്പൊടി വിതറും. കടുമാങ്ങയും മാങ്ങാത്തൊലിയും കൂടെ കൂട്ടും. ചിലപ്പോഴൊക്കെ മോരോ തൈരോ കിട്ടും. ഇല്ലെങ്കിൽ ഉള്ളത് കൊണ്ട് ഓണം പോലെ കഴിക്കും.
അപ്പോഴെല്ലാം സഹായത്തിന് ഉണ്ടായിരുന്നത് കൈയിൽ കരുതിയ ചൈനീസ് ഭാഷയിലുള്ള കുറിപ്പാണ്... "ഇയാൾ ഒരു ബുദ്ധ മതക്കാരനാണ് ...."
ചില ട്രെയിനിലെ കാന്റീൻ ജീവനക്കാരുമായി സൗഹൃദത്തിലാകാനും സാധിച്ചു.

ഇന്ദു ദാ ...!?

ഇന്ത്യക്കാരെ ചൈനക്കാർ വിളിക്കുന്നത് "ഇന്ദു" എന്നാണ്. മറ്റൊന്നും മനസ്സിലായില്ലെങ്കിലും "ഇന്ദു ദാ ...!?" എന്ന ചോദ്യം മനസ്സിലാകും. ഞാൻ തലയാട്ടും. അവർ ചിരിക്കും. നമ്മളും ചിരിച്ചു കാണിക്കുക. അത്ര തന്നെ ...
അവർക്ക് നമ്മളെ ബഹുമാനമാണ്. ബുദ്ധന്റെ നാട്ടിൽ നിന്നുള്ളവർ എന്നതിനാൽ. പിന്നെ നമ്മൾ ചൈനീസ് സിനിമകൾ കാണുന്നത് പോലെ, അവർ ഇന്ത്യൻ സിനിമകളും കാണുന്നുണ്ട്. ചില സിനിമകളും (പഴയകാല) പാട്ടുകളും മറ്റും അവർക്ക് നല്ല ഓർമ്മയാണ്. ചിലതൊക്കെ പാടി കേൾപ്പിക്കുകയും ചെയ്യും.

അവർക്ക് നമ്മുടെ "മൂക്കും കണ്ണും" ഇഷ്ടമാണ്. അവരുടെ പതിഞ്ഞ മൂക്കും അടഞ്ഞ കണ്ണും അവർക്ക് ഇഷ്ടമല്ല !! പക്ഷെ, അവരുടെ തണുപ്പ് കൂടിയ കാലാവസ്ഥയ്ക്ക് അതാണ് നല്ലത്.

ചൈനക്കാരെ നമ്മൾ ബുദ്ധമതം കൊണ്ട് കീഴ്‌പ്പെടുത്തിയതാണ്. ഇന്നത്തെ കാലത്ത് യോഗയും ചൈനയിൽ പ്രചാരത്തിൽ ആകുന്നുണ്ട്.

(തുടരും)

Comments

Popular posts from this blog

ചൈനയിലെ പാണ്ട

ഞാൻ കണ്ട ചൈന

ചൈനയിലെ കളിമൺ പട്ടാളക്കാർ