ചൈനയിലെ സോഫിയും ജാസ്മിനും
ചൈനയിലെ സോഫിയും ജാസ്മിനും
എല്ലാം ഒരു നിമിത്തമായാണ് തോന്നാറുള്ളത്. ജീവിതമാകുന്ന യാത്രയിൽ നമ്മൾ കാണുന്ന ആളുകളും, അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളും എല്ലാം ... അല്ലെങ്കിൽ മോഹികാൻ എന്ന ചൈനീസ് ടൂറിസ്റ്റ് ഗൈഡിനെ ആ സമയത്ത് ഷാങ്ഹായ് ജേഡ് ബുദ്ധ ടെംപിളിൽ കാണാനും സംസാരിക്കാനും സാധിച്ചതെങ്ങിനെയാണ്!?
അവിടെ നിന്നും വാങ്ങിയ പുസ്തകങ്ങൾ ചൈനീസ് ഭാഷയിലുള്ളവയായിരുന്നു. ഒരക്ഷരം പോലും ഇംഗ്ലീഷിൽ ഇല്ല. അവരുടെ ലിപി ചിത്രമെഴുത്തു പോലെയാണല്ലോ. മലയാളത്തിൽ ഉള്ളതുപോലെ ഇംഗ്ലീഷിൽ നിന്നും വാക്കുകൾ കടം കൊള്ളേണ്ട ആവശ്യം അവർക്കില്ല. കമ്പ്യൂട്ടർ എന്നതിന് പോലും ഒരു ചിത്രവും (വാക്ക്) അതിനൊരു മാൻഡറിൻ പേരുണ്ടാവും.
പിറ്റേന്ന്, ഞാനൊറ്റയ്ക്കാണ് യാത്രകൾ ചെയ്തത്. ഷാങ്ങ്ഹായ് മ്യൂസിയം കാണാൻ പോയി. അവിടെ നിന്നും ഒരു പി-ക്യാപ്പും ടിഷർട്ടും വാങ്ങി. പിന്നെ നഗരത്തിൽ ബസിലും മെട്രോയിലും നടന്നും ഒക്കെ നഗരത്തിലെ കാഴ്ചകൾ കണ്ടു.
യൂത്ത് ഹോസ്റ്റലിൽ താമസിച്ചുള്ള ആദ്യത്തെ അനുഭവമായിരുന്നു അവിടെ. ചൈനയിൽ 80 നഗരങ്ങളിൽ 130 ഓളം ഹോസ്റ്റലുകൾ ഉണ്ട് !! (ഇന്ത്യയിൽ YHAI ഹോസ്റ്റലുകൾ 10 എണ്ണമേ ഒള്ളൂ.) ഷാങ്ങ്ഹായിൽ മാത്രം 17 എണ്ണം ഉണ്ട്. സ്റ്റാർ ഹോട്ടലിന്റെ ഒരു നില മുഴുവനും ഹോസ്റ്റലിനായി മാറ്റി വയ്ക്കുന്ന രീതിയാണ് അവിടെ. അല്ലാതെ, ഹോസ്റ്റൽ മാത്രമുള്ള കെട്ടിടമല്ല. അതുകൊണ്ടുള്ള ഗുണം, ചിലർക്ക് മുറി ആവശ്യമെങ്കിൽ അതിലേക്ക് മാറ്റാം എന്നതാണ്. പിന്നെ ഭക്ഷണത്തിന് റെസ്റ്ററന്റ് ഉപയോഗിച്ചാൽ അതും ലാഭം. അന്ന് കൂടെ ഉണ്ടായിരുന്നവരുമായി സംസാരിച്ചിരിരുന്നു. പലരും കമ്പനികൂടി ആയിരിക്കും യാത്ര. ഒറ്റയ്കുള്ളവർ കുറവാണ്.
അങ്ങിനെ കഥ പറയുന്ന കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ അയാളുടെ ബാഗ് കനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു പുസ്തകം തന്നു. ലാമാമാരുടെ പുനരവതാരത്തെ കുറിച്ചുള്ള ഒരു നോവൽ ആണ്. അതെനിക്കിഷ്ടായി. ഞാൻ അന്വേഷിക്കുന്ന നാഗാർജ്ജുനൻ രണ്ടാം ബുദ്ധനെന്നും, ബുദ്ധന്റെ അവതാരമെന്നും എല്ലാം പ്രശസ്തനായ ആളാണല്ലോ....
മാവോയുടെ സാംസ്കാരിക വിപ്ലവം.
1966 മുതൽ 76 ഇൽ മാവോയുടെ മരണം വരെ ഏകദേശം 2 കോടി മനുഷ്യരെ കൊന്നിട്ടുണ്ട് എന്നാണ് കണക്ക്. "മതം മയക്കുമരുന്നാണ്" എന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകൾ ബുദ്ധ മതാദ്ധ്യക്ഷന്മാരെയും അനുയായികളേയും നിഷ്കരുണം കൊന്നൊടുക്കി. എന്നാൽ 2003 ഇൽ ഞാൻ ചെല്ലുമ്പോൾ കാര്യങ്ങൾ മാറി തുടങ്ങിയിരുന്നു. ആളുകൾക്ക് ബുദ്ധക്ഷേത്രങ്ങളിൽ ആരാധിക്കാനുള്ള സ്വാതന്ത്ര്യം തിരികെ കിട്ടിയിരുന്നു. എന്നാൽ, വളരെ കുറവ് ആളുകളാണ് പ്രാർത്ഥിക്കാൻ എത്തിയിരുന്നത്.ഗൗതമ ബുദ്ധൻ ഇന്ത്യയിൽ അവതരിച്ച ശേഷം, ഒരു പക്ഷെ അശോക ചക്രവർത്തിയുടെ കാലത്താണ് ലോകം മുഴുവനും ബുദ്ധ മതം പ്രചരിപ്പിക്കാനായുള്ള ഔദ്യോഗിക (സാമ്പത്തിക) സഹായം ലഭിച്ചു തുടങ്ങിയത്. അക്കാലത്ത് തന്നെ ഇന്ത്യയിൽ വിശ്വപ്രസിദ്ധങ്ങളായ സർവകലാശാലകൾ ഉണ്ടായിരുന്നു. അവിടേയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിദ്യാർത്ഥികളും എത്തിയിരുന്നു. AD 50 - 150 കാലത്താണത്രെ ദക്ഷേണിന്ത്യയിൽ നിന്ന് നാഗാർജ്ജുനൻ നളന്ദയിൽ പഠിക്കാനെത്തുന്നത് ...
ഇപ്പോഴത്തെ ആന്ധ്രപ്രദേശിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. "10 വയസ്സിൽ കൂടുതൽ ആയുസ്സില്ല" എന്ന് ജാതത്തിൽ ഉണ്ടായിരുന്നത്രെ. അതിനാൽ, അതിന് മുന്നേ തന്നെ വീട് വിട്ട് പോവുകയും വഴിയിൽ വച്ച് ഒരു സിദ്ധനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരു മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു. അതിന്റെ (സ്വാധ്യായ) സഹായത്താൽ ജാതകത്തിൽ പറഞ്ഞ മരണം മാറിപ്പോയി എന്നുമാണ് ഐതിഹ്യം. നളന്ദയിലെ പഠനശേഷം ആണ് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നത്. അങ്ങിനെ ഒരു ഭിക്ഷുവായി ടിബറ്റിലേക്ക് (ചൈനയിലേക്ക്) പോയി. പിൽക്കാലത്ത് കുരിശിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ജീസസ് ക്രൈസ്റ്റ് കാശ്മീരിൽ എത്തിയെന്നും അവിടെവച്ച് ഇവർ രണ്ടുപേരും ചേർന്നാണ് ബുദ്ധമതത്തിലെ "മദ്ധ്യമ മാർഗ്ഗം" എന്ന ആശയം കൊണ്ട് വന്നതെന്നും വിശ്വസിക്കുന്നു.
എന്റെ പിന്നീടുള്ള യാത്ര ചെങ്ഡു എന്ന നഗരത്തിലേക്കായിരുന്നു. മോഹികാൻ പറഞ്ഞ രണ്ട് സുഹൃത്തുക്കൾ അവിടെ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സോഫിയും ജാസ്മിനും !!
(തുടരും)

Comments
Post a Comment