ചൈനയിലെ ടൂറിസം


ചൈനയിലെ ടൂറിസം

2003 ഇൽ ഷാങ്ങ്ഹായ് നഗരത്തിന്റെ അടുത്തുള്ള ഹാങ്‌ചൗ പട്ടണത്തിൽ പോയത് ഗ്രീൻ ഗ്ലോബ് ടൂറിസം സർട്ടിഫിക്കേഷൻ ലഭിക്കാനായിരുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ആ സംഘടന സുസ്ഥിര വികസനം അടിസ്ഥാനമാക്കിയുള്ള വിനോദ സഞ്ചാരം പ്രചരിപ്പിക്കുന്നതിനായി നൽകുന്നതാണ് ഗ്രീൻ ഗ്ലോബ് സർട്ടിഫിക്കറ്റ്. ട്രെയിനർ ഒരു ഓസ്‌ട്രേലിയക്കാരൻ സായിപ്പായിരുന്നു. കോഴ്സ് ട്രാൻസ്ലേറ്റ് ചെയ്യാൻ ഒരു ചൈനക്കാരൻ ഉണ്ടായിരുന്നു.

ചൈനയിലെ സർക്കാർ ഭരണം "ഏകാധിപത്യ" മനോഭാവമുള്ള കമ്യൂണിസ്റ്റുകൾ ആണെന്നറിയാമല്ലോ ? ആകെ ജനസംഖ്യയുടെ 6 ശതമാനം മാത്രമാണ് പാർട്ടി അംഗത്വമുള്ള ആളുകൾ ! 139 കോടിയിൽ, ഏകദേശം 9 കോടി. മെമ്പർഷിപ് കിട്ടാൻ തീരെ എളുപ്പമല്ല. കിട്ടിയാൽ ലോട്ടറി ആണ്. കാരണം പിന്നീട് അയാൾ അധികാര ശ്രേണിയിലെ അവിഭാജ്യ ഘടകവും അനന്തമായ അവകാശങ്ങൾ ഉള്ള ആളുമായി മാറുകയാണ് ! ഇതിൽ 25% മാത്രമാണ് സ്ത്രീകൾ. കേന്ദ്ര കമ്മറ്റിയിൽ എത്തുന്നവർ 10% ഇൽ താഴെയാണ്.

പ്രസ്തുത ട്രെയിനിങ് ചൈനയിൽ നടത്താനുള്ള കാരണം, ഒളിമ്പിക്സ് ആവുമ്പഴേക്കും (2008) ചൈനയ്ക്ക് പരിസ്ഥിതി സൗഹാർദ്ദമരമായ രാജ്യമെന്ന ഒരു "ഹരിത മുഖം" ഉണ്ടാക്കി എടുക്കണം എന്നതിനാൽ ആയിരുന്നു. വിവിധ പ്രദേശങ്ങളിലെ സർക്കാർ തല ടൂറിസം സെക്രട്ടറിമാരും ചുരുക്കം വ്യക്തിഗത അംഗങ്ങളും ആണ് പരിശീലനത്തിന് ഉണ്ടായിരുന്നത്.

1990 മുതൽ ചൈന ലോകത്തിലെ വിനോദ സഞ്ചാര സൗഹൃദ രാജ്യങ്ങളിൽ പ്രധാനിയായ ഒന്നായി തീർന്നിരുന്നു. അതിന് ഒരു പ്രധാന കാരണം '83 ഇൽ പുറത്തിറങ്ങിയ ഹോൾഗർ കേർസ്റ്റൻ സാങ്കല്പിക നോവൽ (!!) Jesus Lived In India എന്ന പുസ്തകവും ആവാം. കർത്താവ് ഒരു ബുദ്ധമത അനുയായി ആയ ലാമയുടെ പുനർജന്മമായിരുന്നു എന്നും അദ്ദേഹം കുരിശിൽ മരണപ്പെട്ടില്ല, ഇന്ത്യയിൽ 100 വയസ്സ് വരെ (!) ജീവിച്ചിരുന്നു എന്നുമാണ് ആ പുസ്തകത്തിലെ പ്രധാന ഇതിവൃത്തം. യൂറോപ്പിലെ ക്രിസ്തുമതം 1960 കൾ മുതൽ തന്നെ (ഹിപ്പി മൂവ്മെന്റ്) ക്ഷയിച്ചു തുടങ്ങിയിരുന്നു. ശാസ്ത്രാടിസ്ഥാനനത്തിലുള്ള യുക്തിക്കുറവും, പാതിരിമാർക്ക് എതിരേ ധാരാളമായി ഉണ്ടായ ലൈംഗീക അപവാദങ്ങളും അതിന് കാരണമാണ്.

പിന്നെയുള്ള ആകർഷണം, കുങ്ഫു സിനിമകളിൽ കാണാൻ തുടങ്ങിയ അത്ഭുതങ്ങളും ആയിരുന്നു. ബ്രൂസ്‌ ലീയും, ജാക്കി ചാനും, ജെറ്റ് ലിയും ഒക്കെ ആയി, ചൈനയ്ക്ക് ഒരു അത്ഭുതകരമായ ആകർഷണം ഉണ്ടാക്കി എടുത്തു.

ഉറച്ച തീരുമാനങ്ങൾ

ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത രാജ്യമായതിനാൽ എന്തെങ്കിലും ഒരു സർക്കാർ തീരുമാനം ഉണ്ടായാൽ അത് നടപ്പിലാക്കാൻ വളരെ എളുപ്പമാണ്. വിനോദസഞ്ചാര മേഖലയിലും എല്ലാം ഇതിന്റെ പ്രതിഫലനങ്ങൾ കാണാം. ഇന്ത്യയിലേക്ക് വരുന്ന വിദേശ വിനോദസഞ്ചാരികളേക്കാൾ അഞ്ചിരട്ടി ആളുകൾ ചൈനയിൽ വരുന്നുണ്ട്. ബീജിങ്ങിൽ മാത്രം ഇന്ത്യയിൽ ആകെയുള്ള അത്രയും ഹോട്ടൽ മുറികൾ ഉണ്ട്. അവരുടെ മുറികൾക്ക് ഇവിടെയുള്ള മുറികളെക്കാൾ നാലിലൊന്ന് വാടകയേ ഉള്ളൂ. അവർക്ക് ടൂറിസത്തിൽ നിന്ന് കിട്ടുന്ന വരുമാനം ഇന്ത്യയുടെ നാലിരട്ടിയാണ്.

അവിടെയുള്ള ബസുകൾ, ട്രെയിനുകൾ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നമ്മുടെ നാട്ടിലെ സൗകര്യങ്ങളെക്കാൾ പതിന്മടങ്ങ് നല്ലതാണ്. പഴമ നിലനിർത്തുന്ന കെട്ടിടങ്ങൾ, പുരാതന രീതിയിലുള്ള ചന്തകളും വഴിവാണിഭങ്ങളും, ബുദ്ധവിഹാരങ്ങൾ, മ്യൂസിയങ്ങൾ അങ്ങിനെ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ധാരാളം സംഗതികൾ അവിടെയുണ്ട്.

പോക്കറ്റടിക്കാരോ, അമിതമായി വാടക വാങ്ങുന്ന ടാക്സി ഡ്രൈവർമാരോ, യാത്രക്കാരെ പറ്റിക്കുന്ന കച്ചവടക്കാരോ അവിടെയില്ല. നിയമങ്ങളേയും ശിക്ഷകളേയും എല്ലാവർക്കും ഭയമാണ് എന്നത് തന്നെ കാര്യം.

(തുടരും)

Comments

Popular posts from this blog

ചൈനയിലെ പാണ്ട

ഞാൻ കണ്ട ചൈന

ചൈനയിലെ കളിമൺ പട്ടാളക്കാർ