ചൈനയിലെ ടൂറിസ്റ്റ് ഗൈഡ് - മോഹികാൻ


ചൈനയിലെ ടൂറിസ്റ്റ് ഗൈഡ് - മോഹികാൻ

5 ദിവസത്തെ ഹാങ്ചൗ പരിശീലനം കഴിഞ്ഞ ശേഷം നേരെ ഷാങ്ങ്ഹായ് നഗരത്തിലേക്ക് പുറപ്പെട്ടു. ക്ലാസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയും യാത്രയിൽ കൂടെ ഉണ്ടായിരുന്നു. അവിടെ ഒരു യൂത്ത് ഹോസ്റ്റലിൽ ആണ് ബുക്ക് ചെയ്തിരുന്നത്.

ചൈനയിൽ ധാരാളം യൂത്ത് ഹോസ്റ്റലുകൾ ഉണ്ട്. വളരെ ചുരുങ്ങിയ ചിലവിൽ ബാക് പാകേഴ്സ് ആയുള്ള യുവാക്കൾക്ക് രാത്രിയിൽ തല ചായ്ക്കാനൊരിടം എന്നതാണ് ഇത്തരം ഹോസ്റ്റലുകളുടെ പ്രത്യേകത. വെറും 500 രൂപയ്ക്കും മറ്റും അവിടെ സൗകര്യം ലഭ്യമാണ്. ഒരു മുറിയിൽ 4 / 6 / 8 ബെഡുകൾ ഉണ്ടാകും. ഒന്നിന് മുകളിൽ ഒന്നെന്ന നിലയിൽ ഉള്ള ബങ്ക് ബെഡുകൾ ആണ് ഉള്ളത്. ടോയ്ലറ്റ് കോമൺ ആയിരിക്കും. ഷവർ (കുളിമുറി) ഉള്ള ഭാഗത്ത് പകുതി വാതിൽ ഒക്കെയാണ് ഉണ്ടാവുക. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം മുറികൾ വേണമെന്ന നിർബന്ധമൊന്നുമില്ല. ചിലപ്പോൾ താഴെയുള്ള ബെഡിൽ യുവതിയാവും കിടക്കുന്നത്.

പ്രഭാത ഭക്ഷണം (CP - Continental Plan അഥവാ breakfast free) ആണ് മിക്ക ഹിസ്റ്റലുകളിലും. ബ്രഡ്, ജാം, ചീസ്, സെറീൽസ്, ചായ, കാപ്പി ഇതൊക്കെ ലഭ്യമായിരിക്കും. എന്നാൽ 7 മുതൽ 8 വരെ എന്നിങ്ങനെ നിശ്ചിത സമയം ഉണ്ടാകും. അപ്പോൾ ചെന്നാലേ സൗജന്യം ലഭിക്കൂ. അല്ലെങ്കിൽ പൈസകൊടുത്ത് കഴിക്കേണ്ടി വരും.

ആറാം ദിവസം രാവിലെ നഗരം കാണാൻ ഇറങ്ങി. ഏത് നഗരത്തിൽ ചെന്നാലും, ആദ്യം ചെയ്യുന്നത് അവിടത്തെ ടൂറിസ്റ്റ് മാപ് സംഘടിപ്പിക്കുക എന്നതാണ്. എന്നിട്ട് പോകേണ്ട സ്ഥലങ്ങൾ തീരുമാനിക്കും. ബസ്, ട്രെയിൻ, മെട്രോ പോലുള്ള പൊതുഗതാഗതസംവിധാനങ്ങൾ എങ്ങിനെ ഉപയോഗിക്കണം എന്നും മനസ്സിലാക്കും. പിന്നെ, ഒരൊറ്റ വിടലാണ്. നടക്കാൻ ഇഷ്ടമാണെങ്കിൽ കൂടുതൽ ദൂരം നടന്നും ആസ്വദിക്കാം.

നാഗാർജ്ജുനൻ അഥവാ മെഡിസിൻ ബുദ്ധ !!

വെറുതെ ചൈനയിൽ കറങ്ങുന്നതിന് പകരം എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.... ആയുർവേദത്തിലെ രസതന്ത്രജ്ഞൻ എന്നറിയപ്പെടുന്ന മദ്ധ്യമമാർഗ്ഗ ബുദ്ധ മതത്തിന്റെ ആവിഷ്കർത്താവായ നാഗാർജ്ജുനനെ കുറിച്ച് അന്വേഷിക്കുക !! കാരണം, അദ്ദേഹത്തിനാൽ 46 ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു എന്നാണ് കരുതുന്നത്. അതിൽ ഭൂരിഭാഗവും ചൈനീസ് ഭാഷയിലത്രേ. പാലിയിലോ സംസ്കൃതത്തിലോ ഉള്ളവ ലഭ്യമല്ലത്രെ. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭൂരിഭാഗവും ചൈനയിൽ (ഒരു പക്ഷെ ടിബറ്റിൽ) ആണ് കഴിഞ്ഞിരുന്നത്.

അങ്ങിനെ ആദ്യം "ജേഡ് ബുദ്ധ ടെംപിൾ" എന്നറിയപ്പെടുന്ന വിഹാരത്തിലേക്ക് യാത്ര പുറപ്പെട്ടു. ഇംഗ്ലീഷ് അറിയാത്ത ആളുകൾ ആണ് ചുറ്റും. എങ്ങിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമം മനസ്സിൽ ഉണ്ടായിരുന്നു. ടെംപിൾ എന്നൊക്കെ പറയുമെങ്കിലും അതൊരു ടൂറിസ്റ്റ് കേന്ദ്രം പോലെയാണ് തോന്നിയത്. ഏകദേശം 4 അടി ഉയരമുള്ള ഒരു പച്ച (മരതകം) കല്ലുകൊണ്ടുള്ള ബുദ്ധന്റെ വിഗ്രഹമാണ് അവിടെ ഉണ്ടായിരുന്നത്. അതാണ് അതിനാപ്പേര് കിട്ടിയത്. ഞാൻ ചെല്ലുന്നതിന് മുൻപാണ് "പക്ഷിപ്പനി" പടർന്ന് പിടിച്ചത്. അതിന് ശേഷം ബുദ്ധക്ഷേത്രങ്ങളിൽ ഒക്കെ ആളുകൾ കൂടുതൽ വന്നു തുടങ്ങിയത്രേ. ഒന്നോ രണ്ടോ ചന്ദനത്തിരി എടുത്ത് കത്തിച്ച് തലയ്ക്ക് മുകളിലൂടെ ഉഴിഞ്ഞ ശേഷം മണൽനിറച്ച ഒരു വലിയ ചട്ടിയിൽ കുത്തിവയ്ക്കും. അതാണ് പ്രാർത്ഥന. പിന്നെ മുട്ടുകുത്തിനിന്നും, നമസ്കരിച്ചും പ്രാർത്ഥിക്കുന്നതും കാണാം. പ്രദക്ഷിണം വച്ചെത്തിയപ്പോൾ ഒരു ബുക്ക് സ്റ്റാൾ കണ്ടു. ഹാവു.. സമാധാനമായി. അവിടെയെങ്കിലും ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും കാണും എന്ന് പ്രതീക്ഷിച്ചു. അങ്ങിനെ പുസ്തകക്കടക്കാരനോട് ചോദിക്കാൻ ശ്രമിക്കുകയും അയാൾക്കും ഇംഗ്ലീഷ് അറിയില്ല എന്നായപ്പോൾ ആകെ വിഷമമായി. അപ്പോഴതാ, അടുത്ത് നിന്ന് (താഴെ നിന്ന് !!) പൊക്കം കുറഞ്ഞ ഒരു പെൺകുട്ടി
"I am a tourist guide" എന്നും എങ്ങിനെയാണ് ഞാൻ സഹായിക്കേണ്ടത് എന്നും ചോദിച്ചു.
ഞാൻ പറഞ്ഞു, "ഗൈഡിന് നൽകാനുള്ള പണമൊന്നും എന്റെ കൈയിൽ ഇല്ല."
"അതിന് ഞാൻ പണം ഒന്നും ചോദിച്ചില്ലല്ലോ" എന്നായി അവൾ ....
അവളുടെ പേര് "ലു യിങ്" എന്നാണെന്നും ഇംഗ്ലീഷ് പേര് 'മോഹികാൻ' എന്നാണെന്നും പറഞ്ഞു.

ഞാൻ നാഗാർജ്ജുനനെ കുറിച്ചുള്ള വിവരം പറഞ്ഞു. അവൾ ചൈനീസ് ഭാഷയിലുള്ള 2 പുസ്തകകങ്ങൾ അവിടെ നിന്ന് വാങ്ങാൻ സഹായിച്ചു. അതിനിടയിൽ ചൈനീസ് ഭാഷയിൽ അദ്ദേഹം മെഡിസിൻ ബുദ്ധ എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹത്തിന്റെ അനുയായികൾ സിയാൻ ഭാഗത്താണ് കൂടുതൽ ഉള്ളത് എന്നും പറഞ്ഞു. ഞങ്ങൾ രണ്ടാളും കൂടി അവിടെ കണ്ട ഒരു ബുദ്ധ സന്യാസിയുമായും ഇതേപ്പറ്റി കൂടുതൽ ചോദിച്ചു മനസ്സിലാക്കി.

പിരിയാൻ നേരം, അവൾ പറഞ്ഞു. "നാളെ കാണാം. ഷാങ്ങ്ഹായ് നഗരം ചുറ്റി കാണാൻ ഞാൻ സഹായിക്കാം."

(തുടരും)

Comments

Popular posts from this blog

ചൈനയിലെ പാണ്ട

ഞാൻ കണ്ട ചൈന

ചൈനയിലെ കളിമൺ പട്ടാളക്കാർ