ചൈനയിലെ മേഴ്‌സി ബുദ്ധ
ചൈനയിലെ മേഴ്‌സി ബുദ്ധ
അത്ഭുതങ്ങൾ സംഭവിക്കുന്നത് പലപ്പോഴും നമ്മൾ അനുഭവിച്ച പല സംഭവങ്ങളും നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളും കൂടി ചേർന്ന് ചില സന്ദർഭിക സംഭവങ്ങൾ ഉണ്ടാവുമ്പോഴാണ്. അങ്ങിനെയൊന്നും ചിന്തിക്കുന്നില്ലെങ്കിൽ, സംഭവിക്കുന്നതെല്ലാം സംഭവിക്കേണ്ടവ തന്നെയെന്ന് തോന്നും അതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും.
സിയാനിൽ നിന്ന് പോയത് ഷാങ്സി എന്ന നഗരത്തിലേക്കാണ്. അവിടെ ടിബറ്റൻ ബുദ്ധിസം നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാൽ, പരിചയക്കാർ ആരുമില്ലാത്ത സ്ഥലമാണ്. തണുപ്പാണെങ്കിൽ കൂടി കൂടി വരുന്നുണ്ട്. അവിടെ ട്രെയിൻ ഇറങ്ങി നേരെ ഒരു ഹോട്ടലിൽ ചെന്ന് കയറി. ഒരാൾ നിലം തുടച്ചു വൃത്തിയാക്കുന്നുണ്ട്. റിസപ്ഷനിലുള്ള യുവതിയോട് റൂം ചോദിച്ചു. വാടകയും. അവർ കാൽകുലേറ്റർ എടുത്ത് കുത്തി വാടക കാണിച്ചു. സംസാരിക്കുന്നത് ട്രാൻസ്ലേറ്റ് ചെയ്യന്ന ഉപകരണം വച്ചിട്ടാണ്. പിന്നെ, മാനേജർ ആരാണ് ? എനിക്ക് ഇവിടെ അടുത്തുള്ള ഒരു ബുദ്ധ വിഹാരത്തിൽ പോകണം എന്ന് പറഞ്ഞു.
അപ്പോൾ, ആ യുവതി അവിടെ തറ തുടച്ചുകൊണ്ട് നിന്ന ആളെ വിളിച്ചു. അയാളാണത്രെ മാനേജർ !! ഹൂ ഹോ... എന്തൊക്കെയോ ചൈനീസ് ഭാഷയിൽ തമ്മിൽ സംസാരിച്ചു. എന്നിട്ട് മുറിയിൽ പോയി ബാഗ് വച്ചിട്ട് വരൂ എന്ന് എന്നോട് പറഞ്ഞു. ഞാൻ അതനുസരിച്ചു. തിരികെ വന്നപ്പോൾ, ആ യുവതിയേയും സഹായത്തിനായി എന്നോടൊപ്പം അയച്ചിട്ട് ബുദ്ധവിഹാരത്തിലേക്ക് പോയി വരാൻ പറഞ്ഞു. പുറത്ത് ഒരു ഗംഭീരൻ ലക്ഷ്വറി വാൻ നിൽക്കുന്നുണ്ടായിരുന്നു. അതിന്റെ വാടക ചോദിച്ചു. അത് മാനേജറിന്റെ വണ്ടി ആണെന്നും, വാടക വേണ്ടെന്നും മറുപടി !!
അങ്ങിനെ ഞങ്ങൾ രണ്ടാളും കൂടി കുറച്ചകലെയുള്ള ആ വിഹാരത്തിലേക്ക് പോയി. അത് ഒരു വലിയ മലയുടെ താഴ്‌വാരത്തിൽ നിൽക്കുന്ന അതിപുരാതനമെന്ന് തോന്നിക്കുന്ന ഒരു വിഹാരമായിരുന്നു. എന്റെ കൈയിൽ ഷാങ്ഹായിൽ നിന്ന് വാങ്ങിയ നാഗാർജ്ജുനന്റെ പുസ്തകങ്ങളും ഉണ്ട്. വിഹാരത്തിന്റെ മുന്നിൽ, പതിവുപോലെ തൊഴലും പ്രാർത്ഥനയും കഴിഞ്ഞു, അതിന്റെ ചുറ്റും വലം വയ്ക്കാൻ ആരംഭിച്ചു. ഒരാൾ പോലും ഇംഗ്ലീഷ് അറിയാവുന്നരില്ലല്ലോ എന്ന ആവലാതിയും ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ നേരെ പിന്നിൽ ചെന്നപ്പോൾ, സ്ത്രീ രൂപത്തിലുള്ള ബുദ്ധന്റെ വിഗ്രഹം കണ്ടു. അതാണ് മേഴ്‌സി ബുദ്ധ ... കരുണാമയിയും കരുണാമിഴിയും ആയിരുന്നു. ഞാൻ മനമുരുകി പ്രാർത്ഥിച്ചു : "ഇംഗ്ലീഷ് സംസാരിക്കുന്ന ആരെയെങ്കിലും കാണാൻ സഹായിക്കണേ എന്ന് ..."
ക്ഷേത്രത്തിന്റെ പിന്നിലെ മലമുകളിലേക്ക് പടികൾ കയറിപ്പോകാം. ഒരു രസത്തിന് കുറച്ചു മുകളിലേക്ക് പോയി നോക്കാം എന്ന് കരുതി. അങ്ങിനെ ഓടിക്കയറാൻ തുടങ്ങി. എന്റെ ശരീരം കണ്ടാൽ മുള പോലെ തോന്നുമെങ്കിലും ഇത്തരം യാത്രകളിൽ എല്ലാം നല്ല ആവേശമുള്ളതിനാൽ, ധാരാളം നടക്കാൻ ഒക്കെ വളരെ ഇഷ്ടമാണ്.
ക്ഷേത്രത്തിന്റെ ഉയരത്തെക്കാളും മുകളിൽ എത്തിയപ്പോഴേക്കും, അവിടെ അതാ രണ്ട് സായിപ്പന്മാർ. അവരുടെ കൂടെ മദാമ്മമാരും ഉണ്ട്. യൂറോപ്പിൽ നിന്നാണ്. സാഹസിക യാത്രകൾ നടത്തുകയാണ് എന്നെല്ലാം പറഞ്ഞു ... ഞാൻ കരുതി, ഇവരാണോ മേഴ്‌സി ബുദ്ധ കാണിച്ചു തന്ന ഇംഗ്ലീഷ് സംസാരിക്കുന്നവർ ?
എന്തായാലും, കുശലപ്രശ്നങ്ങൾക്ക് ശേഷം, ഞാൻ തിരികെ ക്ഷേത്രത്തിനെ വലംവെച്ച് മുന്നിലെത്തി. അപ്പോൾ അതാ അവിടെയൊരു ചാരനിറത്തിലുള്ള ളോഹ ധരിച്ച ബുദ്ധ സന്യാസിയുടെ കൂടെ നമ്മുടെ റിസപ്ഷൻ സുന്ദരി നിൽക്കുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമത്രേ !!

ഓഹോ, അപ്പോൾ ഇതാണ് മേഴ്‌സി ബുദ്ധ അയച്ച ഇംഗ്ലീഷ് സംസാരിക്കുന്ന ആൾ. കൊള്ളാം. ഇഷ്ടായി. പിന്നെ ഞങ്ങൾ ധാരാളം സംസാരിച്ചു. അദ്ദേഹം അവിടെ ക്ഷേത്രത്തിന്റെ മുന്നിലെ സന്യാസിമാരുടെ വീടോ ഓഫിസോ പോലെയുള്ള ഒന്നിന്റെ മുന്നിൽ വളഞ്ഞുകുത്തിയിരുന്നു ഒരു ഗ്രന്ഥം പകർത്തിയെഴുതുന്ന വയസ്സനെ കാണിച്ചു തന്നു. അദ്ദേഹം പകർത്തിയെഴുതുന്ന പുസ്തകം, എന്റെ കൈയിലുള്ള അതേ പുസ്തകം തന്നെയെന്നും പറഞ്ഞപ്പോൾ, അറിയാതെ കോൾമയിർ കൊണ്ടു.
അദ്ദേഹം ശ്രീലങ്കയിൽ പോയിട്ടുണ്ട്. എന്നാൽ, ബുദ്ധന്റെ ജന്മദേശമായ ഇന്ത്യയിൽ ഇതുവരെ വന്നിട്ടില്ല. വരണമെന്ന് അതിയായ ആഗ്രഹമുണ്ട് എന്നൊക്കെ പറഞ്ഞു. അങ്ങിനെ, കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞ ശേഷം അവിടെ നിന്ന് തിരികെ ഹോട്ടലിലേക്ക് പോയി. സുന്ദരി, ഒന്ന് രണ്ട് ഫോട്ടോകൾ എടുത്തു തന്നു.
സ്വന്തം ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കുന്നത് എനിക്കത്ര താല്പര്യമുള്ള കാര്യമല്ല. കൈയിലുള്ളതോ, ഒരു കൊഡാക് ക്രോമ എന്ന ഓട്ടോ ഫോക്കസ് ചെയ്യുന്ന വിലകുറഞ്ഞ ഒരു ക്യാമറയും. എന്തോ, അതിലൊന്നും വലിയ കഥയില്ല എന്ന് കരുതിയത്, പിന്നീട് കഷ്ടായി എന്നും തോന്നിയിട്ടുണ്ട്.
അടുത്ത ദിവസം സിനിങ് എന്ന ചൈനയിലെ ദീർഘമായ യാത്രയുടെ അവസാന നഗരത്തിലേക്കുള്ള പുറപ്പാടാണ്.
(തുടരും)

Comments
Post a Comment